മൌദൂദി പ്രസ്താവിച്ചതുപോലെ, പ്രവാചകന് 13വര്‍ഷക്കാലം മക്കയില്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും വാള് കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങള്‍ ഖുര്‍ ആനില്‍ തന്നെ ഉണ്ട്. മക്കയിലെ ആളുകള്‍ മുഹമ്മദിനെ വലിയ തോതില്‍ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതില്‍ എത്രമാത്രം വസ്തുതയുണ്ട്? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുര്‍ ആന്‍ വ്യക്തമായ ഒരു ചിത്രം നല്കുന്നുണ്ടു താനും.
അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങള്‍ക്കും ,അവരുടെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികള്‍ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.
വെളിപാടും പ്രവാചകത്വവുമൊന്നും അവര്‍ക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജന് മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:-
മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം:-
وَقَالُواْ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلأَرْضِ يَنْبُوعاً
أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ ٱلأَنْهَارَ خِلالَهَا تَفْجِيراً
أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفاً أَوْ تَأْتِيَ بِٱللَّهِ وَٱلْمَلاۤئِكَةِ قَبِيلاً
أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِي ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّى تُنَزِّلَ عَلَيْنَا كِتَاباً نَّقْرَؤُهُ قُلْ سُبْحَانَ رَبِّي هَلْ كُنتُ إِلاَّ بَشَراً رَّسُولاً
“ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല; അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം. അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക.
അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.”[17:90-93]
തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്കാന് കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ:
وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوۤاْ إِذْ جَآءَهُمُ ٱلْهُدَىٰ إِلاَّ أَن قَالُوۤاْ أَبَعَثَ ٱللَّهُ بَشَراً رَّسُولاً
قُل لَوْ كَانَ فِي ٱلأَرْضِ مَلاۤئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكاً رَّسُولاً
“നേര്‍വഴിവന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത്, അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.
പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയില്‍ താമസക്കാരെങ്കില്‍ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]
وَقَالَ ٱلَّذِينَ لاَ يَعْلَمُونَ لَوْلاَ يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ آيَةٌ كَذَلِكَ قَالَ ٱلَّذِينَ مِن قَبْلِهِمْ مِّثْلَ قَوْلِهِمْ تَشَابَهَتْ قُلُوبُهُمْ قَدْ بَيَّنَّا ٱلآيَاتِ لِقَوْمٍ يُوقِنُونَ
“അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]
ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ?
മനുഷ്യര്‍ക്കിടയില്‍തന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാര്‍ത്ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ?
കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്പില് തെളിവു നല്കുന്നതില് അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്.
وَقَالَ ٱلَّذِينَ لاَ يَرْجُونَ لِقَآءَنَا لَوْلاَ أُنْزِلَ عَلَيْنَا ٱلْمَلاَئِكَةُ أَوْ نَرَىٰ رَبَّنَا لَقَدِ ٱسْتَكْبَرُواْ فِيۤ أَنفُسِهِمْ وَعَتَوْا عُتُوّاً كَبِيراً
“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു. നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരിട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]
ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വ വാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.
يَوْمَ يَرَوْنَ ٱلْمَلاَئِكَةَ لاَ بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْراً مَّحْجُوراً
“അവര്‍ മലക്കുകളെ കാണുന്ന ദിവസം ആ കുറ്റവാളികള്‍ക്ക് അന്നു യാതൊരുസന്തോഷവാര്‍ത്തയും ലഭിക്കുകയില്ല.ശക്തിയായ തടസ്സം എന്നു മലക്കുകള്‍ പറയുകയും ചെയ്യും.”[25:22]
وَقَالُواْ لَوْلاۤ أُنزِلَ عَلَيْهِ مَلَكٌ وَلَوْ أَنزَلْنَا مَلَكاً لَّقُضِيَ ٱلأَمْرُ ثُمَّ لاَ يُنظَرُونَ
“നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു.പിന്നീട് അവര്‍ക്ക് ഇട നല്കപ്പെടുകയില്ല.”[6:8]
നീതിമാനും പക്വമതിയുമായ ഒരു ദൈവം നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറ്യേണ്ട വാക്കുകളാണോ ഇത്?
ചോദ്യകര്‍ത്താക്കള്‍ അവരുടെ പൂര്‍വിക പാരമ്പര്യപ്രകാരമുള്ള അന്ധവിശ്വാസങ്ങളില്‍ വേരുറച്ചു പോയവരാണ്. തലമുറകളായി പകര്‍ന്നുവന്ന വിശ്വാസങ്ങളെ ഒറ്റയടിക്കു തള്ളിപ്പറയാനും പകരം മറ്റൊരു പുതിയ മതം സ്വീകരിക്കാനും കഴിയണമെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ ലഭിക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമായിരിക്കെ തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍കുറ്റമാണെന്ന് ആക്ഷേപിക്കുന്നത് ശരിയാണോ? മന്‍ഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മനുഷ്യരെത്തന്നെ ദൂതനാക്കുന്നതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ? ഗര്‍വ്വു നിമിത്തമാണ് അന്നവര്‍ അക്കാര്യം ചോദിച്ചത് എന്നു വന്നാല്‍ പോലും പില്ക്കാലത്ത് ആരുടെയും മനസ്സില്‍ സ്വാഭാവികമായും ഉദിച്ചേക്കാവുന്ന ഒരു സംശയം എന്നനിലക്ക് അല്പം കൂടി യുക്തിസഹമായ മറുപടി പറയാമായിരുന്നില്ലേ?
തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നുമുണ്ട്!
وَقَالُواْ لَن يَدْخُلَ ٱلْجَنَّةَ إِلاَّ مَن كَانَ هُوداً أَوْ نَصَارَىٰ تِلْكَ أَمَانِيُّهُمْ قُلْ هَاتُواْ بُرْهَانَكُمْ إِن كُنْتُمْ صَادِقِينَ
“യഹൂദികളോ ക്രിസ്ത്യാനികളോ അല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്ന് അവര്‍ പറയുന്നു. അത് അവരുടെ വ്യാമോഹം മാത്രമാണ്. പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില് നിങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജറാക്കുക.”[2:111] ഇത് വൈരുധ്യമല്ലേ?
ദൈവദൂതന് എന്നവകാശപ്പെടുന്നയാള്‍ മറ്റാരും ആവശ്യപ്പെടാതെത്തന്നെ തെളിവു നല്കാന് ബാധ്യസ്ഥനാണ്. എന്നാല്‍ തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്:
എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മുശ്രിക്കുകള്‍ .
وَإِذْ قَالُواْ ٱللَّهُمَّ إِن كَانَ هَـٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
“അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശത്തുനിന്നു ഞങ്ങളുടെ മേല്‍ കല്മഴ വര്‍ഷിക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും അയക്കുകയോ ചെയ്യുക എന്നവര്‍ പറഞ്ഞ സന്ദര്‍ഭം; താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.”[8:32,33]
മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര് ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?
ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം:
وَقَالُواْ لَوْلاَ نُزِّلَ عَلَيْهِ آيَةٌ مِّن رَّبِّهِ قُلْ إِنَّ ٱللَّهَ قَادِرٌ عَلَىٰ أَن يُنَزِّلٍ آيَةً وَلَـٰكِنَّ أَكْثَرَهُمْ لاَ يَعْلَمُونَ
“അവര്‍ പറഞ്ഞു .അവരുടെ നാഥനില്‍നിന്നും ഒരു ദൃഷ്ടാന്തവും അവനു ലഭിക്കാത്തതെന്തുകൊണ്ടാണ്? പറയുക: ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം. എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്.”[6:37]
ഈ സൂക്തം സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല. ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം. പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്. ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.
വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു
താങ്കള്‍ക്കു ഗ്രഹിക്കാനാണ് وَقَالَ ٱلَّذِينَ كَفَرُواْ لَوْلاَ نُزِّلَ عَلَيْهِ ٱلْقُرْآنُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلاً എന്ന മുടന്തന്‍ ന്യായമാണു മറുപടി.[25:32]
ഈ വാദപ്രതിവാദം വളരെ രസകരമായി ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു ശ്രദ്ധിച്ചു വായിച്ചാല്‍ എന്തു കൊണ്ടാണു മുഹമ്മദ് നബിക്ക് മക്ക വിട്ടു പോകേണ്ടിവന്നത് എന്നു വ്യക്തമാകും. ഈ സംവാദത്തില്‍ യുക്തിപരമായി ആരാണു മുന്നിട്ടൂ നില്‍ക്കുന്നത്? സര്‍വ്വ തന്ത്രജ്ഞനായ അല്ലാഹുവോ അതോ ബഹുദൈവ വിശ്വാസികളായ ആ പാവം അറബികളോ?
ഉത്തരം മുട്ടിയ നബിയും അല്ലാഹുവും പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.
وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلاۤئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَيْءٍ قُبُلاً مَّا كَانُواْ لِيُؤْمِنُوۤاْ إِلاَّ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ
“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]
وَٱلَّذِينَ كَذَّبُواْ بِآيَاتِنَا صُمٌّ وَبُكْمٌ فِي ٱلظُّلُمَاتِ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُّسْتَقِيمٍ
“അല്ലാഹു ഇഛിക്കുന്നവരെ അവന് വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന് നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]
وَلَوْ شِئْنَا لآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّي لأَمْلأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ
“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്ഗ്ഗം സ്വീകരിക്കുമായിരുന്നു. പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന് ഉദ്ദേശിക്കുന്നത്.”[32:13]
وَكَذَٰلِكَ جَعَلْنَا لِكُلِّ نِبِيٍّ عَدُوّاً شَيَٰطِينَ ٱلإِنْسِ وَٱلْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُوراً وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ
“എല്ലാ പ്രവാചകന്മാര്ക്കും നാം ശത്രുക്കളെ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]
وَكَذٰلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَٰبِرَ مُجْرِمِيهَا لِيَمْكُرُواْ فِيهَا وَمَا يَمْكُرُونَ إِلاَّ بِأَنْفُسِهِمْ وَمَا يَشْعُرُونَ
“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില് പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]
പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?
എന്തൊരു യുക്തിഭദ്രമായ സിദ്ധാന്തം!
പ്രവാചകത്വം പരീക്ഷിക്കപ്പെടുന്നു !
പൂര്‍വ്വ വേദങ്ങളിലെ കാര്യങ്ങളെല്ലാം അല്ലാഹു തനിക്കറിയിച്ചു തരുന്നു എന്നായിരുന്നു മുഹമ്മദിന്റെ അവകാശവാദം. ഇതൊന്നു പരീക്ഷിക്കാനായി ജൂതന്മാരുടെ നിര്‍ദ്ദേശപ്രകാരം മുശ്രിക്കുകള്‍ നബിയോട് ചില ചോദ്യങ്ങല്‍ ചോദിച്ചു. ഗുഹാവാസികള്‍ എത്ര പേരായിരുന്നു എന്നതായിരുന്നു ഒരു ചോദ്യം. ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത നബി പെട്ടെന്നു പതറിപ്പോയി. നാളെപ്പറയാം എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞിട്ടും കഥയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ശത്രുക്കള്‍ പരിഹാസം ശക്തമാക്കി.
നില്ക്കക്കള്ളിയില്ലാതായപ്പോള് കിട്ടിയ ഊഹാപോഹങ്ങള്‍ വെച്ച് ഒരു വെളിപാട് അവതരിപ്പിച്ചു:
سَيَقُولُونَ ثَلاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْماً بِٱلْغَيْبِ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلاَّ قَلِيلٌ فَلاَ تُمَارِ فِيهِمْ إِلاَّ مِرَآءً ظَاهِراً وَلاَ تَسْتَفْتِ فِيهِمْ مِّنْهُمْ أَحَداً
“ഗുഹാവാസികള്‍ മൂന്നു പേരാണ്,നാലാമത്തേത് അവരുടെ നായയും എന്നു ചിലര്‍ പറയുന്നു. അവര്‍ അഞ്ചു പേരാണെന്നും ആറാമത്തേത് നായയുമാണെന്നാണു മറ്റു ചിലരുടെ വാദം. അദൃശ്യ കാര്യങ്ങളില്‍ ഊഹിച്ചു പറയുക മാത്രമാണവര്‍ .ഏഴു പേരാണെന്നും എട്ടാമത്തേത് നായയാണന്നുമാണു വേറെ ചിലരുടെ ഭാഷ്യം. പറയുക : എന്റെ റബ്ബ് അവരുടെ എണ്ണത്തെ ക്കുറിച്ച് നല്ല പോലെ അറിവുള്ളവനാകുന്നു. അല്പം ചിലര്‍ക്കല്ലാതെ അവരെകുറിച്ച് അറിവില്ല. അതുകൊണ്ട് അവരുടെ കാര്യത്തില്‍ താങ്കള്‍ തര്‍ക്കിക്കാന്‍ പോകണ്ട. ജനങ്ങളില്‍ ആരോടും അതിനെകുറിച്ച് അന്യേഷിക്കാനും പോകണ്ട.”[18-22]
ഗുഹാവാസിക്കഥയുടെ വിശദാംശങ്ങള്‍ തേടി ഒരുപാട് അലഞ്ഞെങ്കിലും ആരില്‍നിന്നും വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചില്ല എന്ന് ഈ വെളിപാടില്‍നിന്നും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അദൃശ്യലോകത്തുനിന്ന് ജ്ഞാനം ലഭിക്കുന്നു എന്ന അവകാശവാദം പൊള്ളയാണെന്നു വ്യക്തമായതോടെ എതിരാളികള്‍ നബിയെ വീണ്ടും കളിയാക്കി. മറുപടിയായി നബി പിന്നീടു കണ്ടെത്തിയ മുറിന്യായം അതിലും വിചിത്രമായിരുന്നു.:
وَلاَ تَقُولَنَّ لِشَاْىءٍ إِنِّي فَاعِلٌ ذٰلِكَ غَداً
“ഒരു കാര്യത്തെ സംബന്ധിച്ചും നാളെ ഞാനതു ചെയ്യുമെന്ന് `ഇന്‍ശാ അല്ലാ` എന്നു ചേര്‍ത്തുകൊണ്ടല്ലാതെ താങ്കളൊരിക്കലും പറഞ്ഞു പോകരുത് . .” [18-23]
ഇതിന്റെ വ്യാഖ്യാനം കാണുക:
“ആത്മാവ് ,ദുല്‍കര്‍നൈന്‍ , ഗുഹാവാസികള്‍ എന്നിവ സംബന്ധിച്ച് യഹൂദികളുടെ നിര്‍ദ്ദേശപ്രകാരം ഖുറൈശികള്‍ ചോദിച്ചപ്പോള്‍ നാളെ വരൂ അപ്പോള്‍ പറയാം എന്ന് നബി ഉത്തരം നല്കി.. ഇന്‍ശാ അല്ലാ[അല്ലാഹു ഉദ്ദേശിച്ചാല്‍ ] എന്നു പറഞ്ഞില്ല. പിന്നീട് വഹ്യ് വരാന്‍ കുറെ താമസിച്ചു....നാളെ മറുപടി തരാമെന്ന് പറഞ്ഞിട്ട് ദിവസങ്ങളോളം അതിനു കഴിയാതെ വന്നപ്പോള്‍ ഖുറൈശികള്‍ അതൊരു സുവര്‍ണ്ണാവസരമായി കണ്ട് നബിയെ കളിയാക്കി. മുഹമ്മദിന്റെ റബ്ബ് കോപിക്കുകയും കൈ വെടിയുകയും ചെയ്തിരിക്കുന്നു എന്നവര്‍ തട്ടിവിട്ടു. തിരുമേനിക്ക് ഇതു വളരെ പ്രയാസകരമായി തോന്നി . തത്സമയത്താണ് ഈ സൂക്തം അവതരിച്ചത്.”[വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം.പേ.343 വോ.3]
ഇന്‍ശാ അല്ലാ എന്നു പറയാത്തതിനാല്‍ ജിബ്രീല്‍ പിണങ്ങിപ്പോയി എന്ന വാദം പരിഹാസത്തിനാക്കം കൂട്ടാനേ ഉതകൂ എന്ന് പോലും ചിന്തിക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല.!
ശത്രുക്കളുടെ മുമ്പില്‍ അപമാനിതനായി ആത്മഹത്യക്കൊരുങ്ങിയ ദൂതനെ ഇതുപോലൊരു നിര്‍ണായക ഘട്ടത്തില്‍ നിസ്സാരമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ദൈവം ചതിക്കാന്‍ ശ്രമിച്ചു എന്നാണോ നാം വിശ്വസിക്കേണ്ടത്.? അദൃശ്യന്ജ്ഞാനം പരീക്ഷിക്കാന്‍ ചോദ്യമുന്നയിച്ചവരോട് നാളെപ്പറയാം എന്ന് ഒഴിവുകഴിവു പറയാന്‍ ദൈവം ഇട വരുത്തിയതെന്തിന്? ചോദിച്ച ഉടനെ വെളിപാട് ഇറക്കി മറുപടി നല്കിയിരുന്നെങ്കില് അല്ലാഹുവിനും ദൂതനും ഈ അപമാനം നേരിടേണ്ടി വരുമായിരുന്നോ?
പ്രപഞ്ചം സൃഷ്ടിക്കും മുന്‍പേ എഴുതപ്പെട്ട ഒരു മഹാ ഫലകത്തിലെ ദിവ്യ സൂക്തങ്ങളാണു ഖുര്‍ ആന്‍ എങ്കില്‍ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ പ്രചരിച്ചിരുന്ന ഒരു കെട്ടുകഥയ്ക്ക് അതില്‍ എന്താണു പ്രസക്തി?
200 വര്‍ഷം ഏതോ ഒരു മടയില്‍ ഒരു പട്ടിയോടൊപ്പം ഉറങ്ങിക്കിടന്ന ഏതാനും ചെറുപ്പക്കാരുടെ കഥ അല്ലാഹുവിന്റെ കിതാബില്‍ സ്ഥാനം പിടിച്ചത് പ്രസ്തുത രാക്കഥ സത്യമാണെന്നു വിശ്വസിച്ചിരുന്ന ജാഹിലിയ്യാ അറബികള്‍ പ്രവാചകനെ പരീക്ഷിക്കാന്‍ ചോദ്യം ഉന്നയിച്ചതുകൊണ്ടാണല്ലോ. എത്ര പേരാണാ പട്ടിയോടൊപ്പമുണ്ടായിരുന്നതെന്ന കാര്യം ലൌഹുല്‍ മഹ്ഫൂളില്‍ എഴുതി വെക്കാന്‍ അല്ലാഹു മറന്നു പോയതായിരിക്കാം! ഖുറൈശികള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ച് തന്റെ അന്ത്യ ദൂതനെ വെള്ളം കുടിപ്പിക്കാനിടയുണ്ടെന്നു മുന്‍ കൂട്ടി അറിയാന്‍ പാവം അല്ലാഹുവിനു കഴിഞ്ഞില്ല.!!
അഞ്ചാം നൂറ്റാണ്ടിലെ ഒരു സിറിയന്‍ ബിഷപ്പാണ് ഈ കെട്ടുകഥയുടെ ഉപജ്ഞാതാവ് എന്നു പറയപ്പെടുന്നു. ഡേഷ്യസ് ചക്രവര്‍ത്തിയുടെ പീഡനം ഭയന്ന് ഏതാനും ക്രിസ്ത്യന്‍ യുവാക്കള്‍ ഒരു ഗുഹയില്‍ അഭയം തേടുകയും പിന്തുടര്ന്നു വന്ന അക്രമികള്‍ അവരെ ഗുഹയില്‍ ജീവനോടെ മൂടുകയും ചെയ്തുവെന്നും പിന്നീട് 200 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഗുഹയില്‍നിന്ന് മാറ്റമില്ലാതെ പുറത്തു വന്നു എന്നുമാണു ഈ കഥയുടെ ചുരുക്കം. സിരിയയുമായി കച്ചവടബന്ധമുള്ളവരാണ് ഈ കഥ അറേബ്യയില്‍ എത്തിച്ചതെന്നു കരുതപ്പെടുന്നു.
മുഹമ്മദിന്റെ പ്രവാചകത്വവും ഒരു കെട്ടുകഥയാണെന്ന് ഈ സംഭവം തെളിയിച്ചു!
മോഷ്ടിച്ച ആശയങ്ങള്‍
മര്‍വായ്ക്കു സമീപം താമസിച്ചിരുന്ന റോമാക്കാരനായ ഒരു ക്രിസ്ത്യാനിയായിരുന്നു ജബര്‍ .ബനുല്‍ ഹര്‍ളമിയുടെ അടിമയായ ഇയാള്‍ ഒരു കൊല്ലപ്പണിക്കാരനായിരുന്നു. മുഹമ്മദ് കൂടെക്കൂടെ ഇയാളെ സന്ദര്‍ശിക്കുകയും ക്രിസ്തീയ വേദങ്ങളിലെ വിവരങ്ങള്‍ അന്യേഷിച്ചറിയുകയും ചെയ്തിരുന്നു. ദിവ്യസന്ദേശങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നായ ഈ ക്രിസ്ത്യന്‍ യുവാവിനെ ,മുഹമ്മദിനെ പരിഹസിച്ചിരുന്ന അറബികള്‍ “പരിശുദ്ധാത്മാവ്” എന്നാണ് വിളിച്ചിരുന്നത്. പൂര്‍വ്വ വേദങ്ങളില്‍നിന്നും ഇപ്രകാരം ആശയചോരണം നടത്തുന്നതിന്റെ പേരില്‍ നബിയെ പരിഹസിച്ചവര്ക്ക് അല്ലാഹു നല്കിയ മറുപടി നോക്കൂ:
وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ لِّسَانُ ٱلَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَـٰذَا لِسَانٌ عَرَبِيٌّ مُّبِينٌ
“അദ്ദേഹത്തിനിതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നത് ഒരു മനുഷ്യന് തന്നെയാണ് എന്നവര്‍ പറയുന്നത് നിശ്ചയമായും നാം അറിയുന്നുണ്ട്. എന്നാല്‍ അവര്‍ ഏതൊരാളെ കുറിച്ചാണോ പറയുന്നത്, അയാളുടെ ഭാഷ അറബിയല്ല. ഈ ഖുര്‍ ആനാകട്ടെ വ്യക്തമായ അറബി ഭാഷയും.”[16:103]
റോമക്കാരനായ യുവാവുമായി മുഹമ്മദ് ആശയവിനിമയം നടത്തിയിരുന്നത് അറബിയിലല്ലാത്തതുകൊണ്ട് അയാള്‍ പറഞ്ഞു കൊടുത്തതൊന്നും ഖുര്‍ ആനില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയില്ല പോലും! വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ `പ്രവാചകന് ` നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. പക്ഷെ, സര്‍വ്വതന്ത്രജ്ഞ്ഞനായ ദൈവം ഇമ്മാതിരി വിഢ്ഢിത്തം പറയുമോ?
വെളിപാടുകളുടെ ഉറവിടം മക്കക്കാര്‍ ശരിക്കും മനസ്സിലാക്കിയിരുന്നുവെന്ന് അവരുടെ ആരോപണങ്ങള്‍ വ്യക്തമാക്കുന്നു.
وَقَالَ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَا إِلاَّ إِفْكٌ ٱفْتَرَاهُ وَأَعَانَهُ عَلَيْهِ قَوْمٌ آخَرُونَ فَقَدْ جَآءُوا ظُلْماً وَزُوراً
وَقَالُوۤاْ أَسَاطِيرُ ٱلأَوَّلِينَ ٱكْتَتَبَهَا فَهِيَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلاً
قُلْ أَنزَلَهُ ٱلَّذِي يَعْلَمُ ٱلسِّرَّ فِي ٱلسَّمَاوَاتِ وَٱلأَرْضِ إِنَّهُ كَانَ غَفُوراً رَّحِيماً
“അവിശ്വാസികള്‍ പറയുന്നു: `ഇത് ഒരു നുണയല്ലാതെ മറ്റൊന്നുമല്ല. അവന് അതു കെട്ടിയുണ്ടാക്കുകയാണ്. മറ്റു ചിലര്‍ അവനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ അക്രമവും വ്യാജവുമായി വന്നിരിക്കുകയാണ്.
അവര്‍ പറയുന്നു: `പൂര്വികന്മാരുടെ കെട്ടുകഥകളാണിത്. അവന് അത് എഴുതിച്ചെടുത്തിരിക്കുകയാണ്. അങ്ങനെ രാവിലെയും വൈകുന്നേരവും അത് വായിച്ചു കേള്‍പ്പിക്കപ്പെടുന്നു.`
പറയുക: `ആകാശങ്ങളിലും ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവന് അത് അവതരിപ്പിച്ചിരിക്കുകയാണ്. അവന് പൊറുക്കുന്നവനും കരുണാനിധിയുമാണ്.’[25:4-6]
വ്യഖ്യാനം കാണുക:
“വേദക്കാരായ ചിലര്‍ തൌറാത്തു വായിക്കലും അതിലെ കഥകള്‍ വായിക്കലും പതിവുണ്ടായിരുന്നു. അവര്‍ നബിയില്‍ വിശ്വസിച്ച ശേഷം ,നബിയും അവരും തമ്മിലുള്ള ബന്ധത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് നള്രുബ്നു ഹര്‍ഥ് ഈവാദം ഉന്നയിച്ചത്. ...”[അമാനി മൌലവി]
ദൈവത്തിന്റെ മറുപടികള്‍ എത്ര ദുര്‍ബലമാണെന്നു നോക്കൂ!
സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവോ?
മക്കയിലെ ജനങ്ങള്‍ മുഹമ്മദിന്റെ തൌഹീദും പ്രവാചകത്വവും സ്വീകരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു വ്യക്തമായതോടെ അല്ലാഹുവിന് അവരോടുള്ള വൈരാഗ്യവും കോപവും ഇരട്ടിച്ചു. ഖുറൈശിപ്രമാണിമാരായ എതിരാളികളെ പേരെടുത്തു പറഞ്ഞ് ശകാരിക്കാന്‍ തുടങ്ങി ഈ ദൈവം!
ഒരിക്കല്‍ മക്കയിലെ ഒരു കുന്നിന് മുകളില്‍ കയറി നിന്നുകൊണ്ട് മുഹമ്മദ് അപായ സൂചനയുടെ ശബ്ദം മുഴക്കി ആളുകളെ വിളിച്ചു കൂട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അദ്ദേഹം തന്റെ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി. ഇതു കേട്ടതോടെ അവര്‍ പിറുപിറുത്തുകൊണ്ട് പിന്തിരിഞ്ഞു പോയി. മുഹമ്മദിന്റെ പിതൃവ്യനായ അബൂലഹബ് നബിയെ ശപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞുവത്രേ:“ മ്മുഹമ്മദേ നിനക്കു നാശം ;ഇതിനാണോ നീ മനുഷ്യനെ മെനക്കെടുത്തിയത്?” ഉരുളക്കുപ്പേരിയെന്നോണം അല്ലാഹുവിന്റെ ശാപവചനങ്ങള്‍ ഇങ്ങനെ വെളിപ്പെട്ടു:-
تَبَّتْ يَدَآ أَبِي لَهَبٍ وَتَبَّ
مَآ أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ
سَيَصْلَىٰ نَاراً ذَاتَ لَهَبٍ
وَٱمْرَأَتُهُ حَمَّالَةَ ٱلْحَطَبِ
فِي جِيدِهَا حَبْلٌ مِّن مَّسَدٍ
“അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;
അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;
ജ്വലിക്കുന്ന തീയില്‍ അവന് കിടന്നെരിയും;
അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;
അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5]
മറ്റൊരു ധാഢ്യനും പ്രമാണിയുമായിരുന്നു വലീദ്. ധാരാളം സ്വത്തും മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെ തന്റെ കൂടെ ലഭിച്ചാല്‍ ഖുറൈശികളെ മൊത്തം കൂടെ കൊണ്ടു വരാന്‍ എളുപ്പമാകുമെന്ന് മുഹമ്മദ് മനക്കോട്ട കെട്ടിയിരുന്നു. പക്ഷെ അയാള്‍ തന്റെ പരമ്പരാഗത വിശ്വാസങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. മുഹമ്മദിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും കളിയാക്കുന്നതില്‍ വലീദും മുന്‍പന്തിയിലുണ്ടായിരുന്നു. ഇതും അല്ലാഹുവിനെ വല്ലാതെ പ്രകോപിതനാക്കി:
هَمَّازٍ مَّشَّآءٍ بِنَمِيمٍ
مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ
عُتُلٍّ بَعْدَ ذَلِكَ زَنِيمٍ
أَن كَانَ ذَا مَالٍ وَبَنِينَ
إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ ٱلأَوَّلِينَ
سَنَسِمُهُ عَلَى ٱلْخُرْطُومِ
“കുത്തുവാക്കു പറയുന്നവനും ഏഷണിയുമായി നടക്കുന്നവനും-
നല്ല കാര്യത്തിനു തടസ്സക്കാരനും അതിക്രമിയും മഹാപാപിയും-
അതിനു പുറമേ ക്രൂരനും തന്തയില്ലാത്തവനും-
അവന് സ്വത്തും മക്കളുമുള്ളവനായതിനാല്‍ !
അവനു നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന് പറയും:
പൂര്‍വികരുടെ കെട്ടുകഥകളാണവ എന്ന്.
താമസിയാതെ ഞാന്‍ അവന്റെ തുമ്പിക്കയ്യിനടയാളം വെക്കും.”[68:11-16]
സ്വന്തം സൃഷ്ടിയായ ഒരു മനുഷ്യപ്പുഴുവിനെ-അതും താന്‍ തന്നെ ബോധപൂര്‍വ്വം വഴി പിഴപ്പിക്കുകയും തന്റെ ദൂതനു ശത്രുവായി നിയോഗിക്കുകയും ചെയ്ത ഒരാളെ- ജാര സന്തതി എന്നും മറ്റും അധിക്ഷേപിക്കുന്നത് കാരുണ്യവാനും മഹാതന്ത്രജ്ഞ്ഞനും മറ്റും മറ്റുമായ ഒരു ദൈവത്തിന്റെ നിലവാരത്തിനു യോജിച്ചതാണോ? ഒരു ദൈവത്തിന് ഇത്രക്കു തരം താഴാന്‍ ആവുമോ? ഈ വലീദിന്റെ മൂക്കിന് അല്പം നീളം കൂടുതലുണ്ടായിരുന്നുവത്രേ.“ തുമ്പിക്കയ്യിനടയാളം വെക്കാന്‍ ” അതാണു കാരണം! സ്വന്തം സൃഷ്ടിയുടെ ശരീര വൈകല്യം നോക്കി പരിഹസിക്കുന്ന സ്രഷ്ടാവോ! ചിരിക്കാനും ചിന്തിക്കാനും വക തരുന്ന ഒരു കഥാപാത്രം തന്നെ!!
ഈ ഖുറൈശി നേതാവിനെ കുറിച്ച് ഖുര്‍ ആനില്‍ വേറെയും നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. ഇയാള്‍ മുഹമ്മദിന്റെ നിരന്തരമായ പ്രേരണ മൂലം ഒരിക്കല്‍ ഇസ്ലാം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവത്രേ. അനുയായികള്‍ അതില്‍ അസംതൃപ്തി പ്രകടിപ്പിച്ചപ്പോല്‍ താന്‍ പരലോക ശിക്ഷയെ ഭയപ്പെടുന്നു എന്ന് ഇദ്ദേഹം പറഞ്ഞുപോലും. ഒരു നിശ്ചിത സംഖ്യ തരുന്ന പക്ഷം ആ ശിക്ഷ ഞാന്‍ ഏറ്റെടുക്കാമെന്ന് ഒരുവന് പ്രഖ്യാപിക്കുകയും വലീദ് അതു സമ്മതിച്ച് ഇസ്ലാമില്‍നിന്നു പിന്മാറുകയും ചെയ്തുവെന്നാണു കഥ. പിന്നീട് കരാര്‍പ്രകാരമുള്ള സംഖ്യ മുഴുവന്‍ കൊടുത്തു തീര്‍ക്കാതെ കൂട്ടുകാരനെ ഇയാള്‍ വഞ്ചിച്ചു.
ഈ സംഭവങ്ങളെല്ലാം പ്രവാചകന്റെ കാതിലും എത്തിയതോടെ ഏഴാം മാനത്തു നിന്നും അല്ലാഹുവിന്റെ വെളിപാടുകള്‍ ഇപ്രകാരം പറന്നെത്തി:
ذَرْنِي وَمَنْ خَلَقْتُ وَحِيداً وَجَعَلْتُ لَهُ مَالاً مَّمْدُوداً وَبَنِينَ شُهُوداً وَمَهَّدتُّ لَهُ تَمْهِيداً ثُمَّ يَطْمَعُ أَنْ أَزِيدَ كَلاَّ إِنَّهُ كان لآيَاتِنَا عَنِيداً سَأُرْهِقُهُ صَعُوداً إِنَّهُ فَكَّرَ وَقَدَّرَ فَقُتِلَ كَيْفَ قَدَّرَ ثُمَّ قُتِلَ كَيْفَ قَدَّرَ ثُمَّ نَظَرَ ثُمَّ عَبَسَ وَبَسَرَ ثُمَّ أَدْبَرَ وَٱسْتَكْبَرَ فَقَالَ إِنْ هَـٰذَآ إِلاَّ سِحْرٌ يُؤْثَرُ إِنْ هَـٰذَآ إِلاَّ قَوْلُ ٱلْبَشَرِ سَأُصْلِيهِ سَقَرَ وَمَآ أَدْرَاكَ مَا سَقَرُ لاَ تُبْقِي وَلاَ تَذَرُ لَوَّاحَةٌ لِّلْبَشَرِ عَلَيْهَا تِسْعَةَ عَشَرَ
“ഞാന്‍ തനിച്ചു സൃഷ്ടിച്ച ആ വ്യക്തിയെ എനിക്കു വിട്ടു തന്നേക്കൂ. ഞാനവനു സമൃദ്ധമായി സമ്പത്തേകി. അവനോടൊപ്പം സന്നദ്ധരായി നിലകൊള്ളുന്ന പുത്രന്മാരെ നല്കി. അവനെ നേതാവാക്കി. ഇനിയും ഞാന്‍ അവനു വര്‍ധ്ധിപ്പിക്കണമെന്നവന്‍ മോഹിക്കുന്നു. ഇല്ല ; അവന് നമ്മുടെ സൂക്തങ്ങള്‍ക്കു വൈരിയാകുന്നു. അടുത്തുതന്നെ ഞാനവനൊരു ക്ലേശകരമായ പ്രൊമോഷന് കൊടുക്കുന്നുണ്ട്. അവന് ആലോചിച്ചു ചിലതു ചെയ്യാനും നിശ്ചയിച്ചിരുന്നു. അപ്പോള്‍ അവന്റെ മേല്‍ ദൈവശാപം ഭവിച്ചു. എന്തൊരു കാര്യമാണവന് ചെയ്യാന്‍ ശ്രമിച്ചത്? പിന്നെ അവന് ആളുകളെ നോക്കി. എന്നിട്ടു നെറ്റി ചുളിക്കുകയും മുഖം കോട്ടുകയും ചെയ്തു. പിന്നെ പിന്തിരിഞ്ഞു നിഷേധിച്ചു. എന്നിട്ടവന്‍ ജല്പിച്ചു; ഇത് പരമ്പരാഗതമായ ആഭിചാരമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യവചനം മാത്രം. അടുത്തു തന്നെ ഞാനവനെ നരകക്കുണ്ടില്‍തള്ളുന്നുണ്ട്. ആ നരകമെന്തെന്നു നിനക്കറിയില്ലേ! അത് ഒന്നിനെയും ശേഷിപ്പിക്കുകയില്ല. ചര്‍മ്മം കരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ മേല്‍ 19 കാവല്ക്കാരുണ്ട്.”[74:11-30]
ഈ മഹാ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്ടി സ്ഥിതി സംഹാരകനായ ഈശ്വരന് ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം ഒരു ഖുറൈശിപ്രമാണിയുടെ സമ്പത്തിലും സന്താനസൌഭാഗ്യത്തിലും അസൂയ പൂണ്ട് അയാളുടെ പിന്നാലെ ശാപവാക്കുകളും ചൊരിഞ്ഞു നടക്കുകയായിരുന്നു എന്നു നാം വിശ്വസിക്കണോ?.എല്ലാ പ്രവാചകന്മാര്ക്കും നാട്ടുപ്രമാണികളായ ശത്രുക്കളെ നിയോഗിക്കുന്നത് “നാം” തന്നെയാണെന്നു പ്രഖ്യാപിക്കുന്ന ഒരു ദൈവം എന്തിനീ പാഴ് വേലക്കൊക്കെ മുതിരണം?
നരകത്തിനു 19 കാവല്‍ക്കാരാണെന്ന വാദത്തെയും അറബികള്‍ കളിയാക്കി. ഇത്രയേറെ മനുഷ്യരെ പാര്‍പ്പിക്കാനുള്ള നരകത്തിനു വെറും 19 കാവല്ക്കാരോ? എന്നതായിരുന്നു പരിഹാസം. തടിമാടനായ ഒരുത്തന് പറഞ്ഞത് “18 എണ്ണത്തിനെ ഞാന്‍ ഒറ്റക്കു നേരിട്ടോളാം; മറ്റേതിനെ നിങ്ങളും നോക്കിക്കോ’“ എന്നായിരുന്നു. ഇതിനും മറുപടിയുണ്ടായി:
وَمَا جَعَلْنَآ أَصْحَٰبَ ٱلنَّارِ إِلاَّ مَلَٰئِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلاَّ فِتْنَةً لِّلَّذِينَ كَفَرُواْ لِيَسْتَيْقِنَ ٱلَّذِينَ أُوتُواْ ٱلْكِتَٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوۤاْ إِيمَٰناً وَلاَ يَرْتَابَ ٱلَّذِينَ أُوتُواْ ٱلْكِتَٰبَ وَٱلْمُؤْمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلْكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلاً كَذَلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِي مَن يَشَآءُ وَمَا يَعْلَمُ جُنُودَ رَبِّكَ إِلاَّ هُوَ وَمَا هِيَ إِلاَّ ذِكْرَىٰ لِلْبَشَرِ
“നാം ഈ വിധം നരകത്തിനു കാവലാളാക്കിയിരിക്കുന്നത് മലക്കുകളെയാണ്. അവരുടെ എണ്ണം നിഷേധികള്‍ക്കുള്ള പരീക്ഷണമാകുന്നു. വേദം ലഭിച്ചവര്‍ക്കു ബോധ്യമാകാനും അവര്‍ ശങ്കിക്കാതിരിക്കാനും, മനസ്സിനു ദീനം പിടിച്ചവരും അവിശ്വാസികളും അല്ലാഹു ഈ വചനം കൊണ്ടുദ്ദേശിക്കുന്നതെന്ത് എന്നു ചോദിക്കാനും. ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചവരെ അവന് വഴി പിഴപ്പിക്കുന്നു. അവന് ഉദ്ദേശിച്ചവരെ അവന് സന്മാര്ഗ്ഗത്തിലുമാക്കുന്നു.”[74:31]
ഉത്തരം മുട്ടുന്നേടത്തെല്ലാം `തലയിലെഴുത്തു` തന്നെ മുട്ടുശാന്തി!
മനുഷ്യന് സങ്കല്‍പ്പിച്ചുണ്ടാക്കിയ ദൈവങ്ങളെല്ലാം മനുഷ്യനോളം ചെറുതായിപ്പോയതു സ്വാഭാവികമാണ്. മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ക്ക് ആ മതങ്ങളുണ്ടായ കാലഘട്ടത്തിന്റെ പരിമിതികള്‍ കൂടിയുണ്ടാവുക എന്നതും സ്വാഭാവികം. മുഹമ്മദിന്റെ ഭാവനാലോകത്തു ജീവിച്ചിരുന്ന അല്ലാഹു ആറാം നൂറ്റാണ്ടിലെ ഒരു സാധാരണ നാടോടി അറബിയുടെ നിലവാരം മാത്രമുള്ള ദൈവമായതിന്റെ മനശ്ശാസ്ത്രപരമായ കാരണവും മറ്റൊന്നല്ല!
പരിപൂര്‍ണനും സര്‍വ്വശക്തനുമായ ഒരു ദൈവം കോപാകുലനായി പുലഭ്യം പറയുക എന്നാല്‍ ആ ദൈവത്തിന് , ആരോപിക്കപ്പെടുന്ന പോലുള്ള ഒരു ക്വാളിറ്റിയും ഇല്ല എന്നല്ലേ അര്‍ഥം? ഉദ്ദേശിക്കുന്നതെന്തും ഞൊടിയിടകൊണ്ടു സാധ്യമാകുന്ന മഹാശക്തന് ഒരു നിസ്സാര മനുഷ്യനെ തന്റെ ദീനില്‍ ചേര്‍ക്കാന്‍ ഇത്രയൊക്കെ പെടാപ്പാടു പെട്ടിട്ടും സാധ്യമായില്ല എന്നും അതേതുടര്ന്ന് അദ്ദേഹത്തിനു ദേഷ്യം വന്നു തെറിവിളിച്ചു എന്നുമൊക്കെ എങ്ങനെ നാം വിശ്വസിക്കും?????
അടിപിടി കൂടുന്ന ദൈവങ്ങള്‍ ?
അറബികളുടെ ദൈവങ്ങള്‍ വ്യാജന്മാരാണെന്നും ദൈവം ഒന്നേയുള്ളുവെന്നും മക്കാമുശ്രിക്കുകളെ ബോധ്യപ്പെടുത്താന്‍ മുഹമ്മദിനു കഴിഞ്ഞില്ല.
ഒന്നിലധികം ദൈവങ്ങളുണ്ടായാല്‍ എന്താണു കുഴപ്പം എന്നവര്‍ക്കു വിശദീകരിച്ചുകൊടുത്തതും `അല്ലാഹു` തന്നെയായിരുന്നു.:-
لَوْ كَانَ فِيهِمَآ آلِهَةٌ إِلاَّ ٱللَّهُ لَفَسَدَتَا فَسُبْحَانَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ
“ആകാശഭൂമികളില്‍ അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതു രണ്ടും നശിച്ചു പോകുമായിരുന്നു.”[21:22]
مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَـهٍ إِذاً لَّذَهَبَ كُلُّ إِلَـٰهٍ بِمَا خَلَقَ وَلَعَلاَ بَعْضُهُمْ عَلَىٰ بَعْضٍ سُبْحَانَ ٱللَّهِ عَمَّا يَصِفُونَ
“അല്ലാഹു സന്താനോല്പാദനം നടത്തിയിട്ടില്ല. അവനോടൊപ്പം വേറെ ഇലാഹുകളുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോരുത്തരും സൃഷ്ടിച്ചതും കൊണ്ട് അവര്‍ വേറെപ്പോവുകയും തമ്മില്‍ അടിപിടി കൂടുകയും ചെയ്യുമായിരുന്നു.”[23:91]
വേറെ ദൈവങ്ങളുണ്ടായാല്‍ അവര്‍ തന്റെ സിംഹാസനം കൈക്കലാക്കാന്‍ ശ്രമിക്കുമെന്ന വേവലാതിയുമുണ്ട് قُلْ لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذاً لاَّبْتَغَوْاْ إِلَىٰ ذِي ٱلْعَرْشِ سَبِيلاً അല്ലാഹുവിന്.! [17:42]
ഒരു ഗോത്രത്തിനു രണ്ടു തലവന്മാരുണ്ടായാല്‍ അവര്‍ തമ്മില്‍ അടിപിടിയുണ്ടാകുമെന്നറിയാവുന്ന അന്നത്തെ അറബികള്‍ക്ക് ഈ വിശദീകരണം തൃപ്തികരം തന്നെയായിരുന്നു. പക്ഷെ അതു മുഹമ്മദ് സ്വന്തം നിലക്കു പറയുന്നതിനു പകരം `അല്ലാഹു`വിനെക്കൊണ്ട് പറയിച്ചത് പാവം അല്ലാഹുവിനെ കൊച്ചാക്കലായിപ്പോയി.!
അസൂയയും കുശുമ്പും വെടിഞ്ഞ് പരസ്പര സഹകരണത്തോടെ ചുമതലകള്‍ പങ്കു വെക്കാനുള്ള ജനാധിപത്യബോധവും അല്പം വിശാലമനസ്കതയും ഉണ്ടെങ്കില്‍ ഭൂമിയിലും ആകാശത്തും രണ്ടു ദൈവങ്ങള്‍ ഭരണം നടത്തുന്നതുകൊണ്ട് കുഴപ്പമൊന്നും സംഭവിക്കുകയില്ല. കൂടുതല്‍ സൌകര്യമായിരിക്കുകയും ചെയ്യും. ഒരു മലക്കിന് അല്ലാഹുവിന്റെ അര്‍ശ്[സിംഹാസനം] വരെ പോകണമെങ്കില്‍ 50000 വര്‍ഷം യാത്ര ചെയ്യണം.[70:4]
ഇത്രയും ദൂരം മലക്കുകളെ ഓടിക്കുന്നതിനെക്കാള്‍ നല്ലത് ഭൂമിയിലെ കാര്യങ്ങളെങ്കിലും മറ്റൊരു ദൈവത്തെ ഏല്‍പ്പിക്കുന്നതായിരിക്കുമല്ലോ!
മറ്റു ദൈവങ്ങളെ ആരാധിക്കുന്നതൊഴികെ ഏതു വന്‍ കുറ്റവും അല്ലാഹു പൊറുക്കും. പക്ഷെ ആരാധന പങ്കുവെക്കാന്‍ മറ്റൊരുത്തന് വരുന്നത് അല്ലാഹുവിനു സഹിക്കാനാവില്ല.
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ
“നിശ്ചയമായും നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്....അവ ഇലാഹുകള്‍ ആയിരുന്നെങ്കില്‍ നരകത്തില്‍ വന്നു ചേരുകയില്ലായിരുന്നു. എല്ലാവരും അതില്‍ നിത്യവാസികളാണ്.”[21:98,99]
അസൂയയുടെ ആഴം നോക്കണേ! വിവരമില്ലത്ത മനുഷ്യര്‍ ആരാധിച്ചു പോയി എന്ന കുറ്റത്തിന് നിരപരാധികളായ ഈ വസ്തുക്കളെ നരകത്തിലെ നിത്യവാസികളാക്കി ശിക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരു ദൈവത്തിന്റെ മാനസികാവസ്ഥ പരിതാപകരം തന്നെ! യേശുവും ചില മലക്കുകളുമൊക്കെ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ ആരാധിക്കപ്പെട്ടിട്ടുണ്ട്. അവരെയും നരകത്തിലിടുമോ എന്ന് മുശ് രിക്കുകള്‍ ചോദിച്ചപ്പോള്‍ അബദ്ധം മനസ്സിലാക്കിയ അല്ലാഹു അവര്‍ക്കു പ്രത്യേകം ഇളവു നല്‍കുകയുണ്ടായത്രേ!
ദൈവങ്ങളെക്കാള്‍ നന്മ പിശാചുക്കള്‍ക്ക് ?
മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ചില ചരിത്രകാരന്മാര് ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍. ഈ അഭിപ്രായം ഇസ്ലാം വിരോധികളുടെയല്ലെന്നു കാണിക്കാന്‍ ചില ഉദ്ധരണികള്‍ കൂടി കാണുക;-
“തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്-ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ , വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു.....
.....കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രനം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല......
ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല.
....കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാര ശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]
“അറബികള്‍ അതിപുരാതനമായ ഒരു സംസ്കാര പാരംബര്യമുള്ള ജനതയാണ്. മക്കാനേതാക്കളായിരുന്ന കുറൈശികളോ, അവരുടെ നിലവാരം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; റോമന്‍ ചക്രവര്‍ത്തി,അബ്സീനിയന്‍ ചക്രവര്‍ത്തി, യമന്‍ രാജാക്കന്മാര്, മുതലായവരുമായി ഒരു മധ്യവര്‍ത്തിയെയും കൂടാതെ നേരില്‍തന്നെ ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്നവരായിരുന്നു കുറൈശികള്‍ . പരിശുദ്ധമക്കായുടെ അധിപന്മാരും അറേബ്യയിലെ പുരോഹിതനേതാക്കന്മാരും എന്ന നിലക്ക് ആ രാജാക്കന്മാരെല്ലാം ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ,ലോകവ്യാപാരകേന്ദ്രം മക്കയാകകൊണ്ടും ,വിവിധ നാടുകളില്‍ വ്യാപാരാവശ്യാര്‍ഥം സഞ്ചരിക്കുക മൂലംവും വളരെയേറെ അറിവുകളും അനുഭവങ്ങളും നേടിക്കഴിഞ്ഞവരായിരുന്നു കുറൈശികള്‍.....
അവര്‍ ദൈവവിശ്വാസികളായിരുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ,ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവനാണെന്ന കാര്യത്തിലും അവര്‍ക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. പക്ഷെ അല്ലാഹുവിനെ പ്രതാപശാലിയായ ഒരു രാജാവിന്റെ സ്ഥാനത്താണവര്‍ കണക്കാക്കിയത്....
ഹജ്ജ് കര്‍മ്മങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചിരുന്നു. അത് ഒരു വലിയ പുണ്യകര്‍മ്മമായിട്ടു തന്നെയാണവര്‍ ഗണിച്ചിരുന്നത്. നാല്‍ക്കാലികളെ തങ്ങളുടെ ദൈവങ്ങളുടെ പേരില്‍ ഉഴിഞ്ഞിടുകയും ബലിയറുക്കുകയും പതിവായിരുന്നു. പലിശ ,ചൂതാട്ടം ,വ്യഭിചാരം മുതലായവ നിഷിദ്ധങ്ങളായിട്ടു തന്നെയാണവര്‍ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണല്ലൊ കാബ പുനരുദ്ധരിച്ചപ്പോള്‍ ,അത്തരം പണങ്ങളൊന്നും അതിലേക്കുപയോഗപ്പെടുത്തിക്കൂടെന്ന് അവര്‍ തീരുമാനിച്ചതും, അവസാനം പണം തികയാതെ വന്നപ്പോള്‍ തറയില്‍ ഒരു ഭാഗം ഒഴിച്ചിട്ട് കാബയുടെ ചുമര് കെട്ടിയതും. ദാനധര്മ്മങ്ങളില് അവരെപ്പോഴും അഭിമാനം കൊണ്ടിരുന്നു. ചില പ്രത്യേക കുടുംബങ്ങള്‍ക്കു ചില വിശ്വാസ സിദ്ധാന്തങ്ങളും ആചാര സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിച്ചു,എന്നായിരുന്നു അറബികളുടെ ധാരണ....”[അതേ പുസ്തകം പേ.250]
ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രചരിപ്പിക്കുന്നതു പോലെ ഒരു അവതാര പുരുഷന്റെ വരവും അനിവാര്യമായ ഒരു ജഹിലിയ്യാ സമൂഹമായിരുന്നില്ല മക്കയിലക്കാലത്തുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യം ഇനിയങ്ങോട്ടുള്ള ചര്‍ച്ചയില്‍ വളരെ ഉപകരിക്കും എന്നതിനാലാണ് ഇത്രയും ഉദ്ധരിച്ചത്. ഇവിടെ ഒരു കാര്യം കൂടി നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്. അന്നത്തെ മക്കാമുശ്രിക്കുകളുള്‍പ്പെടെ ഇസ്ലാം ചരിത്രത്തിലെ പ്രതിയോഗികള്‍ അവശേഷിപ്പിച്ചു പോയ യാതൊരു രേഖയും നമുക്കു ലഭ്യമല്ല. ഇസ്ലാമിനെ ന്യായീകരിക്കാന്‍ ഇസ്ലാം വക്താക്കള്‍ എഴുതിയുണ്ടാക്കിയ രേഖകളെ മാത്രമേ നമുക്കു പഠനത്തിനായി ലഭിക്കുകയുള്ളു .ആ ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇപ്രകാരമാണെങ്കില് യഥാര്‍ഥ ചരിത്രം നമുക്കു കിട്ടിയിരുന്നുവെങ്കിലുള്ള കഥയൊന്നോര്‍ത്തു നോക്കൂ.
കുറൈശികള്‍ മുഹമ്മദിനോടെങ്ങനെയാണു പെരുമാറിയതെന്നു ഖുര്‍ ആനിന്റെയും വ്യാഖാനങ്ങളുടെയും വരികള്‍ക്കിടയില്‍നിന്നും പരിശോധിക്കാന്‍ ,ചിന്തിക്കുന്നമുസ്ലിം സുഹൃത്തുക്കള്‍ തയ്യാറകണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. എത്ര യുക്തിപൂര്‍വമുള്ള നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ടു വെച്ചതെന്നു നോക്കൂ:
“മുഹമ്മദ്,സ്വന്തം ആദര്‍ശങ്ങളില്‍ വിട്ടു വീഴ്ച്ചക്കും നീക്കുപോക്കിനും സന്നദ്ധനല്ലെങ്കില്‍ ഒരു കാര്യം ചെയ്യട്ടെ: ആദര്‍ശങ്ങളെല്ലാം അങ്ങു മനസ്സില്‍ ഒതുക്കിവെക്കുകയും ;എന്നിട്ട് ആര്‍ക്കും അസുഖമുണ്ടാക്കാതെ ആരുടെ വികാരത്തെയും വ്രണപ്പെടുത്താതെ ,പ്രത്യക്ഷത്തില്‍ എല്ലാവരോടും നല്ല നിലയില്‍ പെരുമാറുക. ബിംബാരാധന ചെയ്യുന്നവര്‍ അതു ചെയ്തുകൊള്ളട്ടെ. അവരെ എതിര്‍ക്കാനോ ആക്ഷേപിക്കാനൊ പോകാതിരിക്കുക. കാക്ക കാരണവന്മാരുടെ നടപടികള്‍ തെറ്റെന്നു വരുത്തിയിട്ട് അവരുടെ പിന് ഗാമികളെ വേദനിപ്പിക്കാതിരിക്കുക. അങ്ങനെ ചെയ്യുകയാണെങ്കില്‍ മുഹമ്മദിന്റെ അനുയായികളോട് ഞങ്ങളും അങ്ങനെ പെരുമാറും.”[പേ.266]
ഇക്കാര്യം ഖുര്‍ ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു:
وَدُّواْ لَوْ تُدْهِنُ فَيُدْهِنُونَ
“‘നീ അല്പം മയപ്പെടുത്തിയിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹുക്കുന്നു. എങ്കില്‍ അവരുമതേ നിലപാടു സ്വീകരിക്കുമായിരുന്നു.”[68:9]
പ്രപഞ്ചം സൃഷ്ടിച്ചതുമതു നിയന്ത്രിക്കുന്നതും അല്ലാഹു എന്ന സുപ്രീം ദൈവമാണെന്നുതന്നെയായിരുന്നു അവരുടെയും വിശ്വാസം. മറ്റു ഗോത്രദൈവങ്ങള്‍ക്കും ചില ശക്തിയുണ്ട് എന്നു മാത്രമേ അവര്‍ കരുതിയിരുന്നുള്ളു. പരംബരാഗതമായി തുടര്‍ന്നു പോരുന്ന വിശ്വാസങ്ങള്‍ തുടരുന്നവര്‍ അതു തുടര്‍ന്നോട്ടേ .മുഹമ്മദിന്റെ വിശ്വാസം വേണ്ടവര്‍ അതനുസരിച്ചും ജീവിച്ചോട്ടെ. എത്ര ജനാധിപത്യപരമായ നിലപാടായിരുന്നു ആ സമൂഹത്തുന്റേതെന്നു നോക്കൂ. വളരെ ന്യായവും യുക്തിസഹവുമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ അവര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ചിരുന്നു.
ഒരു നിര്‍ദ്ദേശം ഇപ്രകാരമായിരുന്നു.:അല്ലാഹുവിനെ ആരാധിക്കുന്നതും മറ്റു ദൈവങ്ങളെ ആരാധിക്കുന്നതും തമ്മില്‍ വ്യത്യാസമെന്തെങ്കിലും ഉണ്ടോ എന്നു ഒരു പരീക്ഷണത്തിലൂടെ നമുക്കു പരിശോധിക്കാം. ഒരു കൊല്ലം നമുക്കെല്ലാവര്‍ക്കും അല്ലാഹുവിനെ മാത്രം ആരാധിക്കാം .പിന്നീട് ഒന്നോ രണ്ടോ മാസം മറ്റു ദൈവങ്ങളെയും ആരാധിക്കാം. ഏതു കാലഘട്ടത്തിലാണു കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുന്നത് എന്നറിഞ്ഞ് പിന്നീടതനുസരിച്ചു ജീവിക്കാം. ഈ നിര്‍ദ്ദേശത്തോട് നിഷേധാത്മകമായാണ് മുഹമ്മദ് പ്രതികരിച്ചത്.
“നിങ്ങളാരാധിക്കുന്നതിനെ ഞങ്ങളാരാധിക്കുകയില്ല; ഞങ്ങളാരാധിക്കുന്നതിനെ നിങ്ങളാരാധിക്കുകയില്ല; നിങ്ങള്‍ക്കു നിങ്ങളുടെ മതം ,ഞങ്ങള്‍ക്കു ഞങ്ങളുടെ മതം”.قُلْ يٰأَيُّهَا ٱلْكَافِرُونَ لاَ أَعْبُدُ مَا تَعْبُدُونَ وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ وَلاَ أَنَآ عَابِدٌ مَّا عَبَدتُّمْ وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ لَكُمْ دِينُكُمْ وَلِيَ دِينِ
എന്ന അധ്യായം വെളിപാടായി വന്നത് ഈ സന്ദര്‍ഭത്തിലായിരുന്നുവത്രേ!
മറ്റൊരിക്കല്‍ കാബയില്‍ പ്രാര്‍ഥനക്കൊത്തുകൂടിയ വേളയില്‍ ഖുറൈശികള്‍ മുഹമ്മദിന്റെ മുമ്പില്‍ അല്പം കൂടി വിട്ടുവീഴ്ച്ചയോടെ മറ്റൊരു നിര്‍ദ്ദേശം കൂടി സമര്‍പ്പിക്കുകയുണ്ടായി . അതിങ്ങനെയായിരുന്നു: “അല്ലാഹു തന്നെ യാണു ശരിയായ ദൈവമെന്നു ഞങ്ങള്‍ അംഗീകരിക്കുന്നു. കൂട്ടത്തില്‍ നമ്മുടെ പരംബരാഗത ദൈവങ്ങളെ അല്ലാഹുവിന്റെ യടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ശക്തിയുള്ള ദേവതകളായെങ്കിലും കരുതിക്കൂടേ?“
ഈ നിര്‍ദ്ദേശം ന്യായമല്ലേ എന്ന തോന്നല്‍ മുഹമ്മദിന്റെ മനസ്സിലും പെട്ടെന്നു മിന്നി മറഞ്ഞു .അതൊരു വെളിപാടായി പുറത്തു വന്നു.!
أفَرأيْتُـمُ اللاَّتَ والعُزَّى وَمَناةَ الثالِثَةَ الأُخْرَى تلك الغرانقة العُلَـى، وإن شفـاعتهنّ لتُرْجَى
“ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”. [ഈ സൂക്തങ്ങള്‍ പിന്നീട് ഒഴിവാക്കി.]
ഈ വെളിപാടു കേട്ടതോടെ സന്തോഷാധിക്യത്താല്‍ അവിടെ കൂടിയ വരെല്ലാവരും മുഹമ്മദിനോടൊപ്പം സുജൂദ് ചെയ്തു. മക്കായിലാകെ ശാന്തിയുടെയും സന്തോഷത്തിന്റെയും ആരവം മുഴങ്ങി. ഈ വാര്‍ത്ത കേട്ട് അബ്സീനിയയിലേക്കു നേരത്തെ പാലായനം ചെയ്തിരുന്ന മുസ്ലിംങ്ങള്‍ തിരിച്ചു പോന്നു. പക്ഷെ ഈ സന്തോഷം അധികകാലം നില നിന്നില്ല. ശിര്‍ക്കും തൌഹീദും തമ്മില്‍ ഇങ്ങനെയൊരു ഒത്തു തീര്‍പ്പുണ്ടായതോടെ മുഹമ്മദിനു ഭ്രാന്തുതന്നെയാണെന്ന നിഗമനം ശക്തി പ്രാപിക്കുകയാണുണ്ടായത്. `ദൈവദൂതന്` ആകെ ആശയക്കുഴ്പ്പത്തിലായി. അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ സംഘര്‍ഷങ്ങള്‍ അലയടിച്ചു.
വെളിപാടു പിന്നെയും വന്നു.; ലത്തയെയും മനാത്തയെയും പുകഴ്ത്തിക്കൊണ്ട് വെളിപാടിറക്കിയത് പിശാചായിരുന്നു എന്ന് മുഹമ്മദ് തിരിച്ചറിഞ്ഞു! ഈ സംഭവം ഇസ്ലാമിന്റെ ചരിത്രകാരന്മാര് തന്നെ രേഖപ്പെടുത്തിയതാണ്.
ഖുറ് ആന്‍ മുഹമ്മദിന്റെ മനസ്സില്‍ അക്കാലത്തുണ്ടായ ചാഞ്ചാട്ടങ്ങളെ ഭംഗിയായി വരച്ചു വെച്ചിട്ടുമുണ്ട്.:
وَإِن كَادُواْ لَيَفْتِنُونَكَ عَنِ ٱلَّذِي أَوْحَيْنَآ إِلَيْكَ لِتفْتَرِيَ عَلَيْنَا غَيْرَهُ وَإِذاً لاَّتَّخَذُوكَ خَلِيلاً
وَلَوْلاَ أَن ثَبَّتْنَاكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئاً قَلِيلاً
إِذاً لأذَقْنَاكَ ضِعْفَ ٱلْحَيَاةِ وَضِعْفَ ٱلْمَمَاتِ ثُمَّ لاَ تَجِدُ لَكَ عَلَيْنَا نَصِيراً
“നബിയെ, നിശ്ചയമായും നിനക്കു നാം വഹ്യ് നല്‍കീടുള്ളതില്‍നിന്നു അവര്‍ നിന്നെ തെറ്റിച്ചു കുഴപ്പത്തിലാക്കുമായിരുന്നു.;ഇതല്ലാത്തതു വല്ലതും നമ്മുടെ പേരില്‍ നീ കെട്ടിച്ചമക്കുവാന്‍ വേണ്ടി.എങ്കില്‍ അവര്‍ നിന്നെ ഒരു ചങ്ങാതിയാക്കുകയും ചെയ്യുന്നതാണ്.”
നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും,നീ അവരിലേക്കു ചാഞ്ഞു പോവുക തന്നെ ചെയ്യുമായിരുന്നു.
എങ്കില്‍ നിനക്കു ഞാന്‍ ജീവിതത്തിലെ ഇരട്ടി ശിക്ഷയും മരണത്തിലെ ഇരട്ടി ശിക്ഷയും ആസ്വദിപ്പിക്കുകയും ചെയ്യുന്നതാണ്. പിന്നെ നമുക്കെതിരെ നീ ഒരു സഹായിയെയും കണ്ടെത്തുകയില്ല.”[17:73-75]
പിശാചിന് ഈ പണി പണ്ടേ ഉണ്ടെന്നു പറഞ്ഞുകൊണ്ട് അല്ലാഹു നബിയെ സമാശ്വസിപ്പിക്കുകയും ചെയ്തു!
وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلاَ نَبِيٍّ إِلاَّ إِذَا تَمَنَّىٰ أَلْقَى ٱلشَّيْطَانُ فِيۤ أُمْنِيَّتِهِ فَيَنسَخُ ٱللَّهُ مَا يُلْقِي ٱلشَّيْطَانُ ثُمَّ يُحْكِمُ ٱللَّهُ آيَاتِهِ وَٱللَّهُ عَلِيمٌ حَكِيمٌ
“നിനക്കു മുമ്പും, ഒരു റസൂലിനെയാകട്ടെ നബിയെയാകട്ടെ , നിയോഗിച്ചിട്ടില്ല.;അദ്ദേഹം ഓതുന്നതില്‍ പിശാച് ഇടപെട്ടുകൊണ്ടല്ലാതെ.; എന്നാല്‍ പിശാച് ഇട്ടു കളയുന്നതിനെ അല്ലാഹു ദുര്‍ബ്ബലപ്പെടുത്തുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.”[22:52]
മക്കയില്‍ സമാധാനം നില നിര്‍ത്താനും മുഹമ്മദിന്റെ യുക്തിഹീനമായ ചിന്തകളില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനും `നന്മയുള്ള` പിശാച് അന്നു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് ചരിത്രത്തില്‍ സംഭവിച്ച ഒരു മഹാദുരന്തം തന്നെയായിരുന്നു. തന്നെ അങ്ങേയറ്റം സ്നേഹിക്കുകയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത മക്കയിലെ നല്ല മനുഷ്യരോട് മുഹമ്മദ് പിന്നീടു കാണിച്ച കൊടും ക്രൂരതകള്‍ മനസ്സാക്ഷിയുള്ള ആരെയും അമ്പരപ്പിക്കാതിരിക്കില്ല.!!
മക്കയിലെ കുറൈശികള്‍ അന്നു മുന്നോട്ടൂ വെച്ച നിര്‍ദ്ദേശത്തില്‍ എന്താണു തെറ്റ്? അല്ലാഹു പ്രധാന ദൈവമായിരിക്കെ തന്നെ മറ്റു ഗോത്രദൈവങ്ങളെക്കൂടി ആദരിക്കുകയും അവയും അല്ലാഹുവിന്റെ ഭാഗമാണെന്നു കരുതുകയും ചെയ്തിരുന്നെങ്കില്‍ യുദ്ധവും കൊലയും ഒഴിവാക്കാമായിരുന്നില്ലേ?
ദൈവത്തെ ഓരോരുത്തരും അവരവര്‍ക്കു സങ്കല്‍പ്പിക്കാവുന്ന വിധത്തിലും താല്പര്യമുള്ള രീതിയിലും ആരാധിച്ചോട്ടേ എന്നു കരുതാനുള്ള വിശാലമനസ്കത നമുക്കും നമ്മുടെ ദൈവങ്ങള്‍ക്കും ഉണ്ടാകുന്നതല്ലേ നല്ലത്?
അതല്ല ;ദൈവത്തിനു ചില പ്രത്യേകരീതി മാത്രമേ സ്വീകാര്യമാകൂ എന്നാണെങ്കില്‍ ഈ ദൈവം ഇത്രയും ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ട് ആകാശത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്നതെന്തിന്???
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !!
ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും .
ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന് ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന് ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില് ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു.
നിസ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.
Subscribe to:
Post Comments (Atom)
5 comments:
ഖുര്‍ആന്‍ സംവാദം ബ്ലോഗില്‍ മുമ്പു പ്രസിദ്ധപ്പെടുത്തിയ ഏതാനും കുറിപ്പുകള്‍ ഇവിടെ വീണ്ടും പോസ്റ്റു ചെയ്യുന്നു. ആ ബ്ലോഗിന്റെ “നിരോധിത മേഖല”യിലുള്ളവര്ക്കു വേണ്ടി !
ഖബറിങ്കല്‍ പ്രാര്‍ത്ഥന നടത്താമോ പാടില്ലേ എന്ന വിഷയത്തില്‍ ഒരു ദിവസം മുഴുവന്‍ മുസ്ലീങ്ങളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കിക്കുന്ന വിഡിയോ കാണുവാന്‍ ഇടയായി. അതുപോലെ അള്ളാന് കയ്യും ഇടതുവലതു വശങ്ങളുണ്ടോ എന്നതും തര്‍ക്കവിഷയമായി. ഒരു കൂട്ടര് പറയുന്നു അള്ളാന് രണ്ടുകൈകളുണ്ട് അതു രണ്ടും വലതു കൈകളാണ്. മറ്റവര് പറയുന്നത് കൈകളും വശങ്ങളും ഉണ്ടായാല്‍ അള്ള, ദൈവം ആല്ലാതെയാകുമെന്നാണ്. ഇതിനെല്ലാം തെളിവായി കാണിക്കുന്നത് ഖുറാനും, ഹദീസുകളും.
സ്വന്തം ആരാധാന സംമ്പ്രദായങ്ങളില്‍ പോലും ഒരു വ്യക്തമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്തവരാണ്, ഖുറാനും ഹദീസുകളും മറ്റും മനുഷ്യരെല്ലാവരും എന്നും പിന്തുടരേണ്ട മഹാത്തായ ദൈവ വെളിപാടാണെന്ന് അവകാശപ്പെടുന്നത്.
ദൈവത്തെ ഓരോരുത്തരും അവരവര്‍ക്കു സങ്കല്‍പ്പിക്കാവുന്ന വിധത്തിലും താല്പര്യമുള്ള രീതിയിലും ആരാധിച്ചോട്ടേ എന്നു കരുതാനുള്ള വിശാലമനസ്കത നമുക്കും നമ്മുടെ ദൈവങ്ങള്‍ക്കും ഉണ്ടാകുന്നതല്ലേ നല്ലത്?
അതു മാത്രമല്ല ഓരോരുത്തര്‍ക്കും വേണം ഓരോ ദൈവം
ദൈവം മനസ്സിലും ഭാവനയിലുമാണ് ജീവിക്കുന്നതെന്നിരിക്കെ എന്റെ ഭാവന മറ്റുള്ളവര്‍ക്കെങ്ങനെ അനുകരിക്കാന്‍ പറ്റും ?
15 ലക്ഷം മിണ്ടാപ്രാണികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന പെരുന്നാളാശംസകള്‍ !
അള്ളാക്ക് അള്ളാനെ സ്ര്ഷ്റ്റിച്ചവറ്ക്ക് എന്തെല്ലാം ഉണ്ടോ ? അതൊക്കെയുണ്ട് ,എന്നാല്‍ പതിമൂന്ന് പെണ്ണും വെപ്പാട്ടിമാരും ഉണ്ടോ ? എന്നറിയില്ല
Post a Comment